ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിലും മഴ. അടുത്ത രണ്ട് ദിവസം കൂടി രാജ്യത്ത് മഴ സജീവമായിരിക്കുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം ചൂടും രാജ്യത്ത് അനുഭവപ്പെടും.
ഇന്നും ശനിയും ഞായറും മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇതിന് പുറമേ ശക്തമായ ഇടിമിന്നലും ഉണ്ടായേക്കാം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാദ്ധ്യത. ഇന്ന് രാവിലെ മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽ മഴയും ഉണ്ടാകും. പകൽ സമയങ്ങളിൽ താപനില 17 ഡിഗ്രി സെൽഷ്യസിനും 21 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും അനുഭവപ്പെടുക.
രാത്രി തണുത്ത കാലാവസ്ഥ അനുഭവപ്പെടും. താപനില 10 ഡിഗ്രിവരെ താഴാം. രാത്രി മഴയും ഉണ്ടാകാം. ശനിയാഴ്ച രാവിലെ തെക്ക് കിഴക്കൻ പ്രദേശത്ത് മഴ ലഭിക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.

