കൊച്ചി : സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകൾ നടത്തുന്ന ഭക്ഷണവിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ . ഇതിൽ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ലെന്നും, പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
‘ സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല.
പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല. പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ.
പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത്. ‘ എന്നാണ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

