കൊഹിമ: നാഗാലാൻഡിലെ മോൺ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മരണം . ഒരു കുട്ടിയെ കാണാതായി. സംഭവത്തിൽ നിരവധി വീടുകൾ പൂർണ്ണമായും തകർന്നു, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരുമെന്നാണ് സൂചന.
നാഗാലൻഡ് പോലീസ്, സൈന്യം, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ പ്രാദേശിക സന്നദ്ധപ്രവർത്തകരുടെ പിന്തുണയോടെ സംയുക്ത രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്തിന്റെ ദുഷ്കരമായ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും തിരച്ചിൽ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട് , ദുരന്തബാധിത മേഖലയിലൂടെ കടന്നുപോകുന്ന വെള്ളത്തിന്റെ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
ദുരന്തത്തിൽ നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ദുഃഖം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിത സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.
മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാർ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്.

