ന്യൂഡൽഹി: സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ സമർപ്പിച്ച അടിയന്തര ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഇതോടെ സോനം സഫ്ദർജംഗ് ആശുപത്രിയിൽ തന്നെ തുടരുമെന്ന് ഉറപ്പായി.
ഹർജി പരിഗണിച്ച ഹൈക്കോടതി, വിശദീകരണം തേടി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ഡോക്ടർമാരുമായി സഹകരിക്കാനും സോനം വാങ്ചുക്കിനോട് കോടതി നിർദ്ദേശിച്ചു. കേസ് വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മേദന്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സോനത്തിന്റെ ഭാര്യ ഗീതാഞ്ജലിയാണ് ഹർജി സമർപ്പിച്ചത്. സോനത്തിന് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
കപിൽ സിബലാണ് സോനത്തിന്റെ ഭാര്യയ്ക്ക് വേണ്ടി ഹാജരായത്. സോനത്തിനെ ആശുപത്രിയിൽ തടവിലാക്കിയെന്ന മട്ടിലായിരുന്നു കപിൽ സിബലിന്റെ വാദം.സോനത്തിന്റെ ശരീരത്തിൽ മറ്റാർക്കും അവകാശമില്ലെന്നും കേന്ദ്രസർക്കാർ നൽകുന്ന ചികിത്സയിൽ വിശ്വാസമില്ലെന്നുമാണ് കപിൽ സിബൽ പറഞ്ഞത്. എന്നാൽ സോനം നിരന്തരം നിരീക്ഷണത്തിലാണെന്നും , ആശുപത്രിയിൽ നിന്ന് നിലവിലെ അവസ്ഥയിൽ മാറ്റാൻ ശ്രമിക്കുന്നത് അപകടകരമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഹർജിയിൽ കേന്ദ്ര സർക്കാരിനും പോലീസിനും ആശുപത്രി അധികൃതർക്കും നോട്ടീസ് അയച്ച കോടതി, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു. അതേസമയം, വാങ്ചുക്കിന് വിഎംഎംസി, സഫ്ദർജംഗ് ആശുപത്രികളിൽ ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുന്നുണ്ടെന്ന് അധികൃതർ ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

