ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുൻ എംഎംഎ താരം കോണർ മക്ഗ്രെഗർ. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അദ്ദേഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നാമനിർദ്ദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്മാറ്റം.
കുടുംബവുമായി കൂടിയാലോചിച്ച ശേഷമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാനുള്ള തീരുമാനമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. തീരുമാനം എളുപ്പമായിരുന്നില്ല. എങ്കിലും ഈ സമയത്ത് ഇതാണ് ഉചിതമായ തീരുമാനമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം 24 നാണ് അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഫിൻ ഗെയ്ൽ നേതാവ് ഹെതർ ഹംഫ്രീസ്, ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ, സ്വതന്ത്രസ്ഥാനാർത്ഥി കാതറിൻ കോനോലി എന്നിവരാണ് നിലവിൽ മത്സരരംഗത്ത് ഉള്ളത്.

