ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാനുള്ള ഔദ്യോഗിക കാലാവധി ആരംഭിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്തു തുടങ്ങാം. ഈ മാസം 24 ന് ഉച്ചവരെയാണ് നാമനിർദ്ദേശം നൽകാനുള്ള അവസരം.
നാമനിർദ്ദേശം പൂർത്തിയായി കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. അതുവരെ പ്രചാരണ പോസ്റ്ററുകൾ സ്ഥാപിക്കുന്നതും വോട്ട് തേടുന്നതും ചട്ടലംഘനമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഒയിറിയാച്ച്റ്റാസ് ഹൗസുകളിലെ 20 പേരുടെയോ അല്ലെങ്കിൽ സിറ്റി കൗൺസിലുകളിൽ കുറഞ്ഞത് 4 എണ്ണത്തിന്റെയോ പിന്തുണ വേണം.
ഒക്ടോബർ 24 നാണ് അയർലൻഡിന്റെ 10ാമത്തെ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ കാലാവധി നവംബർ 11 ഓടെ അവസാനിക്കും. ഈ സാഹചര്യത്തിനാണ് അയർലൻഡിൽ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

