പോർട്ളീഷ്: മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ വരവേൽക്കാൻ പോർട്ളീഷിലെ മലയാളി സമൂഹം. മിഡ്ലാന്റ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് (UTSAV) 2025 നായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ജൂലൈ 5 നാണ് പരിപാടി. പോർട്ളീഷിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഫെസ്റ്റാണ് അടുത്ത ആഴ്ച നടക്കുന്നത്.
ബേസിൽ ജോസഫ് മുഖ്യാതിഥിയായി എത്തുന്ന പരിപാടിയിൽ നിരവധി കലാ-കായിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ ഇന്ത്യയുടെ സ്വാദ് വിളമ്പുന്ന ഇന്ത്യൻ ഫുഡ് സ്റ്റാളുകളും ഒരുക്കുന്നുണ്ട്. മലയാളി മങ്കമാർ അവതരിപ്പിക്കുന്ന തിരുവാതിരയും ഉണ്ട്. വടംവലി, പഞ്ചഗുസ്തി, ഷോർട്പുട്ട്, പുഷ് അപ്പ് തുടങ്ങിയ കായിക മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഗംഭീര മ്യൂസിക് ഷോയും, ബെല്ലി ഡാൻസ്, ഇൻഡോനേഷ്യൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും.

