ബെൽഫാസ്റ്റ്: ടൈറോണിലെ ഒമാഗിൽ കാർ കത്തി ഒരാൾ മരിച്ച സംഭവത്തിലെ അന്വേഷണത്തിനായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവ സമയം അതുവഴി പോയ വാഹനയാത്രികരോട് ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഒമാഗിലെ റൈലാഗ് റോഡ് മേഖലയിൽ ഉച്ചയ്ക്ക് 2.5 ഓടെയായിരുന്നു സംഭവം ഉണ്ടായത്. സിൽവർ നിറത്തിലുള്ള മിത്സുബിഷി ലാൻസർ ജിഎസ്2 കാറാണ് കത്തിനശിച്ചത്. വിവരം അറിഞ്ഞയുടൻ ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു. അപ്പോഴാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
കാറിന് നേരെയുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഊർജ്ജിത അന്വേഷണം നടത്തുന്നത്. സംഭവ സമയം കാറിനകത്ത് കൊല്ലപ്പെട്ടയാൾ എങ്ങനെ വന്നു എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

