വെക്സ്ഫോർഡ്: വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിക്കുന്നു. ഇതേ തുടർന്ന് എച്ച്എസ്ഇ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തിര സാഹചര്യത്തിൽ അല്ലാതെ രോഗികൾ ഇവിടേയ്ക്ക് എത്തരുത് എന്നാണ് എച്ച്എസ്ഇ അഭ്യർത്ഥിക്കുന്നത്. ചികിത്സകൾക്കും മറ്റ് സേവനങ്ങൾക്കുമായി സമീപത്തുള്ള മറ്റ് ആശുപത്രികളെ സമീപിക്കേണ്ടതാണെന്നും എച്ച്എസ്ഇ നിർദ്ദേശിക്കുന്നു.
നിലവിൽ എമർജൻസി ഡിപ്പാർട്ട്മെന്റുകളിൽ രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കിടത്തി ചികിത്സിയ്ക്കുന്ന രോഗികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ ആശുപത്രിയിൽ കിടക്കകൾ എല്ലാം നിറഞ്ഞു. ഡോക്ടർമാർക്ക് തിരക്ക് വർധിച്ചതിനാൽ കൂടിക്കാഴ്ചയ്ക്കും ഏറെ സമയം വേണ്ടിവന്നേക്കാം. ഈ സാഹചര്യത്തിലാണ് എച്ച്എസ്ഇയുടെ നിർദ്ദേശം.

