കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വീണ വിജയന്റെ ഭർത്താവും മുൻ പൊതുമരാമത്ത് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിലേയ്ക്ക് . സിഎംആർഎല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ചതായി പറയപ്പെടുന്ന പണം എങ്ങനെ വിനിയോഗിച്ചു എന്നതിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. റിയാസിന്റെ സാമ്പത്തിക ഇടപാടുകൾ ഇഡി ഇപ്പോൾ പരിശോധിച്ചു വരികയാണെന്നാണ് വിവരം .
വീണയുടെ കമ്പനിയായ എക്സലോജിക് സൊല്യൂഷൻസ് കൊച്ചി ആസ്ഥാനമായുള്ള സിഎംആർഎല്ലിൽ നിന്ന് 2.78 കോടി രൂപ സ്വീകരിച്ചതായി ഇഡി കണ്ടെത്തി. എന്നാൽ , ഇതുമായി ബന്ധപ്പെട്ട് മതിയായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. ഇഡി വീണയെ രണ്ടുതവണ ചോദ്യം ചെയ്തെങ്കിലും, അവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
കരാറിൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന് വീണ പറയുന്നുണ്ടെങ്കിലും ഇഡി ഇക്കാര്യം വിശ്വാസത്തിലെടുത്തിട്ടില്ല. 2017 നും 2020 നും ഇടയിൽ വീണ സിഎംആർഎല്ലിൽ നിന്ന് പണം സ്വീകരിച്ചിരുന്നു . 2020 ജൂണിലാണ് വീണ മുഹമ്മദ് റിയാസിനെ വിവാഹം കഴിച്ചത്. വിവാഹശേഷം പണം എങ്ങനെ വിനിയോഗിച്ചുവെന്ന് ഇഡി ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഇതിനെക്കുറിച്ച് വ്യക്തത ലഭിക്കാനാണ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുന്നത്. ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ എന്തെങ്കിലും ഫണ്ട് കൈമാറ്റം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.
അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ കേസിൽ ബാധകമാണോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാർ സിഎംആർഎല്ലിന് നൽകിയതായി ആരോപിക്കപ്പെടുന്ന അനർഹ ആനുകൂല്യങ്ങൾക്ക് വേണ്ടിയാണോ വീണയ്ക്ക് മാസപ്പടി നൽകിയതെന്നും ഇഡി സംശയിക്കുന്നുണ്ട്.

