ഡബ്ലിൻ: അയർലൻഡിൽ ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കാട്ടുതീ മുന്നറിയിപ്പുമായി കൃഷിവകുപ്പ്. തീപിടിത്ത സാദ്ധ്യത കണക്കിലെടുത്ത് ഓറഞ്ച് ഫോറസ്റ്റ് ഫയർ വാണിംഗ് ഏർപ്പെടുത്തി. വനമേഖലയ്ക്ക് സമീപം താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഈ വർഷം ഇത് ഒൻപതാം തവണയാണ് കാട്ടുതീയ്ക്കെതിരെ രാജ്യത്ത് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.
വനമേഖലകൾ, പാർക്കുകൾ, ബീച്ചുകൾ, മറ്റ് വിനോദ മേഖലകൾ എന്നിവ സന്ദർശിക്കാനെത്തുന്നവർ ബാർബിക്യൂകളും തീപിടിക്കാൻ സാദ്ധ്യതയുള്ള മറ്റ് വസ്തുക്കളും കൊണ്ടുവരരുതെന്ന് അധികൃതർ അറിയിച്ചു. ഇത്തരം മേഖലകളിൽ എത്തുന്നവർ വാഹനം പാർക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. അടിയന്തിര സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പുകയിലെ തീപ്പൊരികൾ പോലും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാം. അതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ വർഷം 4,355 ഹെക്ടർ മേഖലയാണ് കാട്ടുതീയിൽ നശിച്ചത്.

