ഡബ്ലിൻ: റെന്റ് പ്രഷർ സോണുകളിൽ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം. പുതിയ പരിഷ്കാരങ്ങൾ വാടക കുതിച്ചുയരാൻ കാരണം ആകുമെന്ന് പ്രതിപക്ഷം ആരോപിച്ചു. മാറ്റങ്ങൾ സംബന്ധിച്ച നിയമത്തിന്റെ കരട് ഇന്നലെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രതിപക്ഷം രംഗത്ത് എത്തിയത്.
രാജ്യവ്യാപകമായി രണ്ട് ശതമാനം വാടകപരിധി ഏർപ്പെടുത്തിയത് സർക്കാരിന്റെ കഴിവുകേട് മറയ്ക്കാൻ വേണ്ടിയാണെന്ന് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ് പറഞ്ഞു. ആറ് വർഷത്തിലൊരിക്കൽ വാടകയിൽ പുനക്രമീകരണം നടത്താൻ അനുവദിക്കുന്ന തീരുമാനം റെന്റ് പ്രഷർ സോണുകളുടെ മരണമണിയായി കണക്കാക്കാം. പുതിയ നിയമങ്ങൾ സാരമായി ബാധിക്കുക വിദ്യാർത്ഥികളെ ആയിരിക്കും. താങ്ങാനാകുന്ന വാടകയുള്ള താമസസൗകര്യം കണ്ടെത്തുക ഇവർക്ക് ശ്രമകരമായിരിക്കുമെന്നും മേരി ലൂ കുറ്റപ്പെടുത്തി.