ഡബ്ലിൻ: പുനരുപയോഗിക്കുന്ന തുണി ഡയപ്പറുകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ‘ ഐറിഷ് ക്ലോത്ത് നാപ്പി ഇനീഷ്യേറ്റീവ്’. വിഒഐസിഇ അയർൻഡ് (VOICE Ireland) യൂണിവേഴ്സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റൽ ലിമെറിക്ക്, ക്ലെയർ, ലിമെറിക്ക്, ടിപ്പററി എന്നിവിടങ്ങളിലെ പ്രാദേശിക അധികാരികൾ എന്നിവർ ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി തുണി ഡയപ്പറുകളുടെ സ്റ്റാർട്ടർ കിറ്റ് വിതരണം ചെയ്യും.
കുട്ടികളുടെ ഡയപ്പർ മാലിന്യം രാജ്യത്തിന് വലിയ തലവേദനയാണ്. ഇതേ തുടർന്നാണ് തുണി കൊണ്ടുള്ള നാപ്പികൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്. ഓരോ ദിവസവും പത്ത് ലക്ഷം ഡിസ്പോസിബിൾ ഡയപ്പർ മാലിന്യങ്ങളാണ് നിക്ഷേപ സ്ഥലങ്ങളിലേക്ക് എത്തുന്നത് എന്നാണ് കണക്കുകൾ.
പദ്ധതിയുടെ ആദ്യഘട്ടമെന്നോണം യുഎംഎച്ച്എല്ലിലെ ഗർഭിണികൾക്കാണ് ഡയപ്പർ കിറ്റുകൾ വിതരണം ചെയ്യുക. ഡയപ്പറുകൾ, തുണി വൈപ്പുകൾ, വാട്ടർപ്രൂഫ് സ്റ്റോറേജ് ബാഗ് എന്നിവയാണ് കിറ്റിൽ ഉള്ളത്.

