ഡബ്ലിൻ: അയർലൻഡിൽ നിക്കോട്ടിൻ പൗച്ചുകളുടെ നിയന്ത്രണം ശക്തമാക്കണമെന്ന ആവശ്യവുമായി ഐറിഷ് ക്യാൻസർ സൊസൈറ്റി. കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ ഇതിന്റെ ഉപയോഗം വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. പ്രമുഖ മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ഐറിഷ് ക്യാൻസർ സൊസൈറ്റിയുടെ സിഇഒ അവെറിൽ പവറാണ് ഈ ആവശ്യം ഉന്നയിച്ചത്.
ച്യൂയിംഗം പോലെ ഉപയോഗിക്കാവുന്ന നിക്കോട്ടിൻ പൗഡർ അടങ്ങിയ ലഹരി വസ്തുവാണ് നിക്കോട്ടിൻ പൗച്ചുകൾ. ചുണ്ടിനും മോണയ്ക്കും ഇടയിൽവച്ചാണ് ഇവ ഉപയോഗിക്കുക. വർണാഭമായ പാക്കറ്റുകളിൽ ഏവരെയും ആകർഷിക്കുന്ന തരത്തിലാണ് ഇത്തരം പൗച്ചുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നതെന്നും അവെറിൽ പവർ പറഞ്ഞു.
15 മുതൽ 20 പൗച്ചുകളുള്ള ഒരു ക്യാനിന് ഏകദേശം 5 മുതൽ 7 യൂറോ വരെ വിലവരും. സിഗരറ്റിനേക്കാൾ വളരെ വിലകുറഞ്ഞ ഇതിന്റെ ഉപയോഗം രക്ഷിതാക്കൾക്ക് പോലും കണ്ടെത്താൻ പ്രയാസമാണെന്നും അവെറിൽ പവർ കൂട്ടിച്ചേർത്തു.

