ഡബ്ലിൻ: അയർലൻഡിൽ ഇ- സ്കൂട്ടറുമായി ബന്ധപ്പെട്ടുള്ള പുതിയ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ ഇ- സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാണ്. ഇതിന് പുറമേ ഉയർന്ന ദൃശ്യപരതയുള്ള വസ്ത്രങ്ങളും ഇ- സ്കൂട്ടർ ഉപയോക്താക്കൾ ധരിക്കണം. ഇ- സ്കൂട്ടർ അപകടങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടുകൊണ്ടുള്ള ദൗത്യത്തിന്റെ ആദ്യപടിയാണ് ഇത്.
ഇരു വ്യവസ്ഥകളും കർശനമായി പാലിക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ നിർദ്ദേശം. അല്ലാത്തപക്ഷം കർശന നടപടിയായിരിക്കും സ്വീകരിക്കുക. നിയമം ലംഘിക്കുന്നവർക്ക് 100 യൂറോയുടെ ഫിക്സ്ഡ് ചാർജ് നോട്ടീസുകൾ നൽകാനാണ് തീരുമാനം. നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങളും കസ്റ്റഡിയിൽ എടുക്കും. അടുത്ത മാസം മുതൽ കസ്റ്റഡിയിൽ എടുക്കുന്ന വാഹനം തിരികെ ലഭിക്കണമെങ്കിൽ കൂടുതൽ തുക നൽകേണ്ടിവരും.

