ഡബ്ലിൻ: ദേശീയ സ്ലോ ഡൗൺ ദിനത്തിൽ അയർലൻഡിൽ അമിത വേഗത്തിന് പിടിയിലായത് അഞ്ഞൂറിലധികം വാഹനങ്ങൾ. ഇന്നലെ രാത്രിവരെ തുടർന്ന പരിശോധനകളിൽ 569 വാഹനങ്ങളാണ് അമിതവേഗത്തിന് പിടികൂടിയത് എന്നാണ് പോലീസ് നൽകുന്ന വിവരം. വാഹനമോടിക്കുന്നവർക്ക് അമിതവേഗത സൃഷ്ടിക്കുന്ന ഗുരുതരമായ അപകടസാധ്യതകളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിന് വേണ്ടിയായിരുന്നു ദേശീയ സ്ലോ ഡൗൺ ദിനമെന്ന പേരിൽ ദൗത്യം നടത്തിയത്. അർദ്ധരാത്രി 12 മണി മുതൽ 11.59 വരെയായിരുന്നു ദൗത്യം.
വിക്ലോയിലെ ന്യൂടൗൺമൗണ്ട് കെന്നഡിയിൽ എൻ 11 ലെ 100km/hr മേഖലയിൽ 134km/hr വേഗതയിൽ വാഹനം ഓടിച്ച ഡ്രൈവർ ഇന്നലെ പിടിയിലായിട്ടുണ്ട്. മായോയിലെ ഫെയ്സ്ഫീൽഡിലെ N60-ൽ 100km/h സോണിൽ 123km/h വേഗതയിൽ വാഹനമോടിച്ചതിന് ഒരാളെ പിടികൂടി. ഡൊണഗലിലെ സെന്റ് ജോൺസ്റ്റണിൽ, R265-ൽ 80 km/hr മേഖലയിൽ 116 km/hr വേഗതയിൽ വാഹനമോടിച്ചയാൾ പിടിയിലായവരിൽ ഉൾപ്പെടുന്നു.
രാജ്യത്തെ സ്കൂളുകൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നാഷണൽ സ്ലോ ഡൗൺ ആചരിച്ചത്.

