മുൻ ജി എ എ ഫുട്ബോൾ മാനേജരായ ജിം ഗാവിനെ പ്രസിഡന്റ് സ്ഥാനാർഥിയായി നിർദ്ദേശിച്ച് ഫിയാന്ന ഫെൽ പാർട്ടി നേതാവും, പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ. താൻ മത്സരിക്കാൻ തയ്യാറാണെന്ന് കാട്ടി ഗാവിൻ ഭരണകക്ഷിയായ ഫിയാന്ന ഫെൽ പാർട്ടിയ്ക്ക് കത്തെഴുതിയതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഗാവിൻ ഏറെ മൂല്യങ്ങൾ ഉള്ള, പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യനായ ആളാണെന്നും, അസാധാരണ വ്യക്തിത്വവും , വൈദഗ്ദ്ധ്യവും ഉള്ള ആളാണെന്നും മാർട്ടിൻ പറഞ്ഞു. സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടിയുടേതാണെങ്കിലും താൻ അദ്ദേഹത്തിന് ശക്തമായ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . നേരത്തെ മന്ത്രി ജാക്ക് ചേമ്പേഴ്സ് അടക്കമുള്ളവർ ഗാവന് പിന്തുണയറിയിച്ചിരുന്നു.
അതേസമയം ഇടതുപക്ഷത്തിന്റെ കാതറിൻ കാനോലി മാത്രമാണ് നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർഥിത്വത്തിന് ആവശ്യമായ പിന്തുണ ലഭിച്ചിട്ടുള്ള ആൾ. 20 പാർലമെന്റ് അംഗങ്ങളുടെയോ, നാലു ലോക്കൽ അതോറിറ്റികളുടെയോ പിന്തുണയാണ് പ്രസിഡന്റ് സ്ഥാനാർഥിത്വം ലഭിക്കാൻ വേണ്ടത്.രാജ്യത്ത് ഒക്ടോബർ അവസാനത്തോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ പ്രസിഡന്റ് ആയ മൈക്കൽ ഡി. ഹിഗ്ഗിൻസ് നവംബർ 11-നാണ് സ്ഥാനമൊഴിയുന്നത്

