കാർലോ: ന്യൂയോർക്കിൽ അന്തരിച്ച ഐറിഷ് സംരംഭക മാർത്ത നോളൻ-ഒ’സ്ലാറ്റാറയുടെ മൃതദേഹം സംസ്കരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കാർലോയിലെ കത്രീഡൽ ഓഫ് അസംപ്ഷനിലെ സെന്റ് മേരീസ് സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം. ചടങ്ങിനോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ കത്രീഡൽ ഓഫ് അസംപ്ഷനിൽ നടന്നു. ഇക്കഴിഞ്ഞ അഞ്ചാം തിയതി ആയിരുന്നു ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ യാച്ച് ക്ലബ്ബിന്റെ ബോട്ടിൽ 33 കാരിയായ മാർത്തയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയോടെയായിരുന്നു സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം കത്രീഡലിൽ എത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും സംസ്കാര ചടങ്ങിന്റെ ഭാഗമായി. മാർത്തയെക്കുറിച്ചുള്ള ഓർമ്മകൾ ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവച്ചു. തന്റെ മകൾ ജനിച്ചതും മരിച്ചതും ഒരു ചൊവ്വാഴ്ചയാണെന്നും അവളുടെ ചിരി ഒരിക്കലും മായാത്ത ഓർമ്മയാണെന്നും മാർത്തയുടെ അമ്മ പറഞ്ഞു. ജീവിതത്തിലെ എല്ലാ പാഠങ്ങളും തനിക്ക് പകർന്നുതന്ന നല്ലൊരു സഹോദരിയായിരുന്നു മാർത്തയെന്ന് സഹോദരിയും കൂട്ടിച്ചേർത്തു.

