ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങുന്നതിൽ നിന്നും സർക്കാരിനെ തടയാൻ ഉറച്ച് പ്രദേശവാസികൾ. വിഷയത്തിൽ സർക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പ്രദേശവാസികളുടെ നീക്കം. നിലവിൽ ഹോട്ടൽ വാങ്ങാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഇവരുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഹോട്ടൽ സ്ഥിരമായ ഒരു അഭയാർത്ഥി കേന്ദ്രമാക്കി സർക്കാർ മാറ്റുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇവർ പറയുന്നത്.
വെസ്റ്റ് ഡബ്ലിനിലെ ഹോട്ടലിന്റെ ഒരു ഭാഗം ഇപ്പോൾ തന്നെ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അപേക്ഷകർക്ക് താമസിക്കാൻ നൽകിവരുന്നുണ്ട്. ആയിരം പേർക്കാണ് താമസത്തിന് ഇവിടെ സൗകര്യം ഉള്ളത്. ഇനി ഹോട്ടൽ സർക്കാർ വാങ്ങിയാൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്നതിന് വേണ്ടി നവീകരണ പ്രവർത്തനങ്ങൾ നടത്തണം. ഇതിനായി 100 മില്യൺ യൂറോ സർക്കാരിന് ചിലവിടേണ്ടിവരും.

