ഡബ്ലിൻ: ഇന്ധനവിലയിൽ നിലവിൽ വരുത്തിയിരിക്കുന്ന ഇളവുകൾ തുടരണമെന്ന് ആവശ്യം. അവോണ്ടു നേതാവ് പീഡാർ തോയിബിനാണ് ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയത്. നികുതിയിളവുകൾ സ്ഥിരപ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. ശനിയാഴ്ച ഡെറിയിൽ വാർഷിക പരിപാടി നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നികുതിദായകരുടെ പണം പാഴാക്കുന്ന നടപടികൾ സർക്കാർ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് തോയിബിൻ പറഞ്ഞു. ഇന്ധനവിലയിലെ താത്കാലിക ഇളവുകൾ സ്ഥിരമുള്ളതാക്കണം. ഇന്ധനം ആഡംബരവസ്തുവല്ല. അത്യാവശ്യമുള്ള വസ്തുവാണ്. രാജ്യത്ത് അരലക്ഷത്തോളം ആളുകൾക്ക് ഊർജ്ജ കുടിശ്ശികയുണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആർടിഇയുടെ പരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ വർഷം മൂലധന അടിസ്ഥാന സൗകര്യ ചെലവുകളുടെ കാര്യത്തിൽ ഏകദേശം 1.6 ബില്യൺ യൂറോയുടെ അധികച്ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

