ഡബ്ലിൻ: അയർലൻഡിൽ ഇ- സ്കൂട്ടർ നിയമങ്ങൾ കർശനമാക്കണമെന്ന് ആവശ്യം. അല്ലാത്തപക്ഷം നിയമങ്ങൾകൊണ്ട് കാര്യമില്ലെന്ന് എമർജൻസി മെഡിസിനിലെ കൺസൾട്ടന്റ് ആയ ഡോ. ജോൺ ലെഗ്ഗ് വ്യക്തമാക്കി. ഇ- സ്കൂട്ടർ അപകടങ്ങൾ തടയുന്നതിനുള്ള പുതിയ നിയമങ്ങൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽവരും. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വെള്ളിയാഴ്ച മുതൽ ഇ- സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് ഹെൽമെറ്റുകളും ഹൈ വിസിബിലിറ്റി വസ്ത്രങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. ഇ- സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ പ്രായപരിധി 16 വയസ്സിൽ നിന്നും 18 വയസ്സാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം അവസാനമേ ഇത് നടപ്പിലാക്കൂ.
ഇ- സ്കൂട്ടർ ഉപയോഗത്തിൽ പുതിയ നിയമ നിർമ്മാണം നടത്തുന്നത് നല്ലതാണെന്ന് ലെഗ്ഗ് പറഞ്ഞു. എന്നാൽ കർശനമായി നടപ്പിലാക്കണം. അല്ലാതെ യാതൊരു മാറ്റവും ഉണ്ടാകില്ല. പുതിയ നിയമങ്ങൾ ഇനിയും ഉണ്ടാകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ.

