ന്യൂഡൽഹി ; സൗദി അറേബ്യയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ . എത്രയും വേഗം സമാധാനവും സാധാരണ നിലയും തിരിച്ചുവരുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.
“സൗദി അറേബ്യയിലെ സാധാരണക്കാരുടെ ജീവിതത്തെയും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് തുടരുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഒക്ടോബർ 21-ന് ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും കിഴക്കൻ പ്രവിശ്യയിലെ സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തും നടന്ന ആക്രമണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിർഭാഗ്യവശാൽ, ഈ ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.” എന്നാണ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സൗദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിൽ ആ രാജ്യത്തെ ജനങ്ങൾക്കും സർക്കാരിനുമൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ദമാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും, ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തിൽ മറ്റൊരു ഇന്ത്യക്കാരന് പരിക്കേറ്റുവെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു . റിയാദിലെ ഇന്ത്യൻ എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രാലയം അറിയിച്ചു.

