ഡബ്ലിൻ: ഓസ്റ്റിൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നാഷണൽ സെവേർഡ് വെതർ ആൻഡ് ഫ്ലഡ് കോർഡിനേഷൻ ഗ്രൂപ്പ്. ഇന്നലെ നടന്ന യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഇന്ന് വൈകീട്ടോടെ ഓസ്റ്റിൻ ചുഴലിക്കാറ്റ് അയർലൻഡിലെത്തുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ കൗണ്ടികളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്തമഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വെള്ളം നിറഞ്ഞ റോഡിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്മെന്റ് മേധാവി കീത്ത് ലിയോനാർഡ് അഭ്യർത്ഥിച്ചു. ബിന്നുകൾ, ട്രാംപോളിനുകൾ തുടങ്ങിയ താത്കാലിക സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. കാലാവസ്ഥ ഏത് തരത്തിലേക്ക് വേണമെങ്കിലും മാറാം. എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

