ഡബ്ലിൻ: അയർലൻഡിൽ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങൾ കൂടുതലായി നടക്കുന്നത് വീടുകളിൽ എന്ന് പോലീസ് റിപ്പോർട്ട്. 10 വർഷത്തെ കണക്കുകൾ വിശലകലനത്തിന് വിധേയമാക്കിക്കൊണ്ടാണ് പോലീസ് റിപ്പോർട്ട് പുറപ്പെടുവിച്ചത്. അതേസമയം സ്ട്രീറ്റുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ നടക്കുന്ന കത്തി ആക്രമണങ്ങൾ കുറവാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
2014 മുതൽ 2024 വരെയുള്ള കണക്കുകളാണ് പോലീസ് വിശകലനം ചെയ്തിരിക്കുന്നത്. റീട്ടെയ്ൽ സ്ഥലങ്ങളിൽ നടക്കുന്ന കത്തിയാക്രമണങ്ങളിൽ 10 വർഷത്തിനിടെ 40 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്ട്രീറ്റുകളിൽ കത്തികൊണ്ട് ആക്രമിച്ചുള്ള മോഷണങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്.
രാജ്യത്ത് പരിശോധനകളിൽ കത്തി പിടിച്ചെടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ 28 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 19,000 കത്തികൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിദിനം അഞ്ച് കത്തികൾ വീതം ആയിരുന്നു പിടിച്ചെടുത്തത്.

