ചെന്നൈ ; തിരുച്ചിറപ്പള്ളിയിൽ തന്റെ ആദ്യത്തെ മെഗാ പൊതുജന നന്ദി റാലി നടത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. തന്റെ സർക്കാരിനെ വിമർശിച്ച എതിരാളികളെ ലക്ഷ്യമിട്ടാണ് അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം പ്രതികരിച്ചത് .ജനങ്ങളുടെ സഹോദരനായ തന്നെ മുഖ്യമന്ത്രിയായിട്ടല്ല, മറിച്ച് ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ വന്ന പ്രധാന സേവകനായാണ് തിരഞ്ഞെടുത്തതെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ ഞങ്ങൾ അധികാരത്തിൽ വന്നിട്ട് കുറച്ച് ആഴ്ചകൾ പോലും ആയിട്ടില്ല. ആറ് മാസം മിണ്ടാതിരിക്കുമെന്ന് പറഞ്ഞവർക്ക് ആറ് ദിവസം പോലും മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ അധികാരമേറ്റ് അരമണിക്കൂറിനുള്ളിൽ അവർ പരാതിപ്പെടാൻ തുടങ്ങി. മാറിമാറി അധികാരത്തിൽ വന്ന് വർഷങ്ങളായി തങ്ങളെ വഞ്ചിച്ച രണ്ട് പാർട്ടികളെയും തമിഴ്നാട്ടിലെ ജനങ്ങൾ നിരസിച്ചു.ടിവികെയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു.
അന്തരിച്ച മുഖ്യമന്ത്രി എം.ജി. രാമചന്ദ്രൻ പോലും തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ ഇത്രയും വോട്ട് നേടിയില്ല . ഇന്ന്, നിങ്ങൾ തമിഴക വെട്രി കഴകത്തിന് വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഞാൻ എന്നെ എം.ജി.ആറുമായി താരതമ്യം ചെയ്യുന്നില്ല. എം.ജി.ആർ. എം.ജി.ആർ. ആണ്. പക്ഷേ, എം.ജി.ആർ., അന്ന, പെരിയാർ എന്നിവർ കാണിച്ച പാതയിൽ പ്രവർത്തിക്കാൻ വന്ന നിങ്ങളുടെ വിജയ് ആണ് ഞാൻ.
എതിരാളികൾ ഞങ്ങളെ വിമർശിക്കുന്നത് തുടരണം . അത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങളെ സഹായിക്കും. അടുത്തിടെ സമാപിച്ച തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരുന്നുവെന്നും വിജയ് പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ കുതിരക്കച്ചവടം നടത്തിയെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും അസാധാരണമായ ഒരു സഖ്യം രൂപീകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

