ഡബ്ലിൻ: വീടുകളിലെ ജനാലകൾ എല്ലായ്പ്പോഴും അടച്ചിടണമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ജനാലകൾ അടച്ചിടണമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശനിയാഴ്ചവരെ വീടുകളിലെ ജനാലകൾ തുറക്കരുതെന്നും കർട്ടനുകളും മറ്റും സ്ഥാപിക്കണമെന്നും മെറ്റ് ഐറാൻ നിർദ്ദേശിച്ചു.
അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വീടിനുള്ളിലും ഇതേ തുടർന്നുള്ള അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് പുതിയ നിർദ്ദേശം. ജനാലകൾ തുറന്നിടുന്നത് വീടിനുള്ളിലെ താപനില ഉയർത്തും. ജനാല വഴി ഉള്ളിലേക്ക് സൂര്യപ്രകാശം കടക്കുന്നതും സമാന ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇത് ഒഴിവാക്കുന്നതിനാണ് കർട്ടനുകൾ ഉപയോഗിച്ച് ജനാലകൾ മൂടാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ഏപ്രിൽ 30 ന് അയർലന്റിലെ താപനില 25 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരുന്നു. ഇതിന് പിന്നാലെ ജനങ്ങൾക്ക് മെറ്റ് ഐറാൻ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

