ഡബ്ലിൻ: അയർലന്റിനായുള്ള സാമ്പത്തിക പ്രവചനങ്ങൾ ഉടൻ പുറത്തിറക്കാൻ സർക്കാർ. അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ഈ പ്രവചനങ്ങൾ മന്ത്രിസഭാ യോഗത്തിലും അവതരിപ്പിക്കും.
ധനമന്ത്രി പാസ്ചൽ ഡോണോഹോയും പൊതുചിലവ് മന്ത്രി ജാക്ക് ചേംബേഴ്സും ചേർന്നാണ് പ്രവചനങ്ങൾ പുറത്തിറക്കുക. ട്രംപിന്റെ താരിഫ് നയങ്ങൾ അയർലന്റിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താൻ ധനകാര്യവകുപ്പും, എക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും മാർച്ചിൽ പഠനം നടത്തിയിരുന്നു. ഈ റിപ്പോർട്ടിനോട് അനുബന്ധിച്ചാണ് സാമ്പത്തിക പ്രവചനങ്ങൾ പുറത്തിറക്കുന്നത്.
താരിഫ് വർദ്ധനവ് രാജ്യത്തിന്റെ ജിഡിപിയെ പ്രതികൂലമായി ബാധിക്കും എന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്. ജിഡിപിയിൽ 3.2 ശതമാനത്തിന്റെ കുറവ് വന്നേക്കാം. അങ്ങനെ എങ്കിൽ രാജ്യത്തിന്റെ ജിഡിപി 1.7 ശതമാനത്തിലും താഴെയാകും. അയർലന്റ് പിരിക്കുന്ന കോർപ്പറേഷൻ നികുതിയും സാമ്പത്തിക രംഗത്തെ പിന്നോട്ട് അടിയ്ക്കും.
അതേസമയം ഭാവിയിൽ ഉണ്ടായേക്കാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

