ഡബ്ലിൻ/ ന്യൂഡൽഹി: ഇന്ത്യക്കാർക്ക് നേരെ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ദു:ഖം രേഖപ്പെടുത്തി ഇന്ത്യയിലെ അയർലഡ് എംബസി. ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും വംശീയ വിദ്വേഷത്തിന് അയർലൻഡിൽ സ്ഥാനമില്ലെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ആറോളം ഇന്ത്യക്കാരാണ് അയർലൻഡിൽ വംശീയ ആക്രമണത്തിന് ഇരയായത്.
അയർലൻഡിന്റെ ചരിത്രം കുടിയേറ്റത്തിന്റെ ചരിത്രമാണ്. ഏകദേശം ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് അയർലൻഡിൽ ഉള്ളത്. കുടിയേറ്റ സമൂഹം വലിയ സംഭാവനകൾ അയർലൻഡിന് നൽകിയിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.
ഇന്ത്യൻ മിഷനുമായി എംബസി വിഷയത്തിൽ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ട്. ആക്രമണങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സേനയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും എംബസി കൂട്ടിച്ചേർത്തു.

