ഡബ്ലിൻ: അയർലന്റിൽ പുതുതലമുറയ്ക്കിടയിൽ വാപ്പിന്റെയും കഞ്ചാവിന്റെയും ഉപയോഗം വർദ്ധിക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഐറിഷ് ആരോഗ്യസർവ്വേയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ. അതേസമയം പഴയ തലമുറയെ അപേക്ഷിച്ച് പുതുതലമുറയ്ക്കിടയിൽ മദ്യത്തിന്റെ ഉപയോഗം കുറവാണെന്നും സർവ്വേയിൽ ചൂണ്ടിക്കാട്ടുന്നു.
55 നും 64 നും ഇടയിൽ പ്രായമുള്ള 56 ശതമാനം പേർ തങ്ങൾ ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുമെന്ന് സർവ്വേയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 18 നും 24 നും ഇടയിൽ പ്രായമുള്ള 27 ശതമാനം പേരാണ് തങ്ങൾ ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 18 നും 34 നും ഇടയിലുള്ള 23 ശതമാനം പേർ ദിവസേനയോ വല്ലപ്പോഴുമോ വാപ്പ് ഉപയോഗിക്കുന്നവരാണ്. 18 നും 24 നും ഇടയിലുള്ള 22.1 ശതമാനം പേർ കഞ്ചാവ് ഉപയോഗിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം 45 നും 55 നും ഇടയിൽ പ്രായമുള്ള 5.5 ശതമാനം പേരാണ് കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

