ഡബ്ലിൻ : അയര്‍ലണ്ടിൽ 2040-ഓടെ ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഇക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യാവര്‍ദ്ധനവിനൊപ്പം, ജനങ്ങള്‍ക്ക് പ്രായമേറുന്നതും ഡോക്ടര്‍മാരുടെ ആവശ്യം വര്‍ദ്ധിപ്പിക്കുന്നു.
2040-ഓടെ അയര്‍ലണ്ടിലെ ജനസംഖ്യ 5.9 മുതല്‍ 6.3 മില്യണ്‍ വരെ ഉയരുമെന്നാണ് കണക്കാക്കുന്നത് . ജനസംഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി ഡോക്ടര്‍മാരുടെ എണ്ണത്തിലും വർധനവുണ്ടാകണം.
2040-ഓടെ അയര്‍ലണ്ടിൽ 25 വയസിന് താഴെയുള്ളവരുടെ എണ്ണം കുറയുകയും, 50 വയസിന് മേല്‍ പ്രായമുള്ളവരുടെ എണ്ണം കൂടുകയും ചെയ്യും. എല്ലാ പ്രായക്കാരും ജിപിമാരെ കണ്‍സള്‍ട്ട് ചെയ്യാറുണ്ടെങ്കിലും പ്രായം കൂടിയവര്‍ക്ക് കൂടുതലായി കണ്സള്ട്ടേഷന് വേണ്ടിവന്നേക്കും.
2023-ല്‍ 19.4 മില്യണ്‍ ജിപി കണ്‍സള്‍ട്ടേഷനുകളാണ് രാജ്യത്ത് നടന്നതെങ്കില്‍ 2040-ല്‍ ഇത് 23.9 മുതല്‍ 25.2 മില്യണ്‍ വരെ ഉയരാം. ഇതിനായി 1,200 ഓളം ഡോക്ടർമാരെ നിയമിക്കേണ്ടി വരും. 2023-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തുള്ള ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരുടെ എണ്ണം 3,928 ആണ്.
ഒപ്പം ജനറല്‍ പ്രാക്ടീഷണര്‍ നഴ്സുമാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കേണ്ടതായി വരും.2040 ആകുമ്പോള്‍ 800 ഓളം ജിപി നഴ്സുമാരെ കൂടി അധികമായി നിയമിക്കേണ്ടി വരും.

