ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അയർലൻഡും ഇന്ത്യയും ഡബ്ലിനിൽ അയർലൻഡ്-ഇന്ത്യ സാമ്പത്തിക ഉപദേശക സമിതിക്ക് തുടക്കമിട്ടു . വ്യാപാരം, നിക്ഷേപം, നൂതനാശയ ബന്ധങ്ങൾ എന്നിവ കൂടുതൽ ശക്തമാക്കാനുള്ള നീക്കമാണിത് . ഡബ്ലിനിൽ പ്രമുഖ ഇന്ത്യൻ, ഐറിഷ് ബിസിനസ്, ഗവൺമെന്റ് പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ ഐറിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ, വ്യാപാര മന്ത്രിയുമായ സൈമൺ ഹാരിസ് പാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
അയർലൻഡുമായി ശക്തമായ ബന്ധമുള്ള ഏറ്റവും പ്രമുഖരായ ചില ഇന്ത്യൻ ബിസിനസ്സ് നേതാക്കളെ ഉപദേശക സമിതി ഒരുമിച്ച് കൊണ്ടുവരും . ടാറ്റ ട്രസ്റ്റുകളുടെയും ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷന്റെയും ചെയർമാൻ നോയൽ ടാറ്റ; ബയോകോണിന്റെ സിഇഒ കിരൺ മജുംദാർ ഷാ; ടെക് മഹീന്ദ്രയുടെ സിഇഒ മോഹിത് ജോഷി, വോക്ഹാർഡിന്റെ മാനേജിംഗ് ഡയറക്ടർ മുർതാസ ഖൊരാകിവാല; ഇൻവികാര & ട്വിൻഇറ്റിന്റെ സഹസ്ഥാപകൻ രാജീവ് മെച്ചേരി എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ എടുത്തുകാണിച്ചു.”അയർലൻഡ്-ഇന്ത്യ ബന്ധത്തിൽ നിലനിൽക്കുന്ന വലിയതും ഉപയോഗിക്കപ്പെടാത്തതുമായ സാധ്യതകളെ അംഗീകരിച്ചാണ് ഈ വർഷം ആദ്യം നമ്മുടെ ഉഭയകക്ഷി ഇടപെടൽ വർദ്ധിപ്പിക്കുന്നതിനായി ആക്ഷൻ പ്ലാൻ കൊണ്ടുവന്നത്,” എന്നും ഹാരിസ് പറഞ്ഞു.
അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഐക്യദാർഢ്യം അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു.

