ഡബ്ലിൻ: യൂറോവിഷൻ കോണ്ടസ്റ്റിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി അയർലൻഡ്. അടുത്ത വർഷം നടക്കുന്ന പരിപാടിയിൽ അയർലൻഡ് പ്രതിനിധികൾ പങ്കെടുക്കുകയോ പരിപാടി രാജ്യത്ത് സംപ്രേഷണം ചെയ്യുകയോ ചെയ്യില്ല. ആർടിഇ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയിൽ ഇസ്രായേൽ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് അയർലൻഡ് മാറി നിൽക്കുന്നത്.
ജനീവയിൽ കഴിഞ്ഞ ദിവസം നടന്ന യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ ശീതകാല ജനറൽ അസംബ്ലിയിൽ അടുത്ത വർഷം പരിപാടിയിൽ പതിവ് പോലെ ഇസ്രായേലിനും അവസരം നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയർലൻഡിന്റെ തീരുമാനം. പരിപാടിയിൽ ഇസ്രായേലിനെ ഭാഗമാക്കുന്നതിനെതിരെ അയർലൻഡ് ഉൾപ്പെടെയുളള യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ എതിർപ്പ് പ്രകടമാക്കിയിരുന്നു. സ്പെയിൻ, സ്ലോവേനിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളും പരിപാടിയിൽ നിന്നും വിട്ട് നിൽക്കും.

