ഡബ്ലിൻ: അയർലന്റിൽ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. ഡബ്ലിനിലാണ് ഇക്കുറിയും ആക്രമണം ഉണ്ടാത്. 40 കാരനായ ലിഖ്വീർ സിംഗിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടാക്സി ഡ്രൈവറാണ് അദ്ദേഹം.
വെള്ളിയാഴ്ച രാത്രിയായിയിരുന്നു സംഭവം. ബലിമുണിലെ പോപ്പിൻട്രീയിൽ വെച്ചായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് യുവാക്കൾ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കാറിൽ രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ഇന്ത്യക്കാരനായ മറ്റൊരാളോട് പ്രതികളായ യുവാക്കൾ രാജ്യം വിട്ട് പോകാൻ ആക്രോശിക്കുകയായിരുന്നു. ഇത് കണ്ട ലിഖ്വീർ ഇരുവരെയും പിടികൂടി. ഇതോടെയാണ് യുവാക്കൾ അദ്ദേഹത്തിന്റെ തല അടിച്ച് തകർത്തത്. തുടർന്ന് അദ്ദേഹം സഹായത്തിനായി പ്രദേശത്തെ വീടുകളിൽ എത്തിയെങ്കിലും ആരും വാതിൽ പോലും തുറന്നില്ലെന്നാണ് പറയുന്നത്. പിന്നാലെ പോലീസിനെ വിളിച്ച അദ്ദേഹം കാറിൽ കിടക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേയ്ക്കും കാറിൽ രക്തം തളംകെട്ടിയിരുന്നു.
നിലവിൽ ബ്യൂമൗണ്ട് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. കഴിഞ്ഞ 23 വർഷമായി അയർലന്റിലാണ് ലിഖ്വീർ താമസിക്കുന്നത്.

