ഡബ്ലിന്‍ : അയര്‍ലൻഡിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണിത് . അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണിത്. ഏറ്റവും പുതിയ ആഗോള സമാധാന സൂചികയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനവും യൂറോപ്യന്‍ യൂണിയനില്‍ ഒന്നാം സ്ഥാനവും അയര്ലൻഡിനാണെന്നും എംബസി വ്യക്തമാക്കി.
ഇന്ത്യയുമായി ദീര്‍ഘകാലത്തെ ആഴമേറിയ ബന്ധമാണുള്ളത്.അതിനെ വിലമതിക്കുന്നു.നിലവില്‍ 100,000ത്തിലധികം ഇന്ത്യക്കാര്‍ അയര്‍ലൻഡില്‍ താമസിക്കുന്നു.കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പൗരന്മാര്ക്കെതിരായുണ്ടായ വംശീയതയും വിദേശീയ വിദ്വേഷ ആക്രമണങ്ങളും ആശങ്കാജനകമാണ്.
ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ബിസിനസ്സ്, ഗവേഷണം, സംസ്കാരം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ സമൂഹം സുപ്രധാനവും വിലപ്പെട്ടതുമായ പങ്കാണ് വഹിക്കുന്നത്.
ചെറിയൊരു വിഭാഗം വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ ഐറിഷ് സമൂഹത്തെ പ്രതിഫലിപ്പിക്കുന്നില്ല.വംശീയത, പാര്‍പ്പിട പ്രതിസന്ധി, വംശീയ ആക്രമണങ്ങള്‍, ജോലി നിരസിക്കല്‍, ഉയര്‍ന്ന ജീവിതച്ചെലവ് എന്നിവയാണ് അയര്‍ലൻഡില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ദുരിതങ്ങളെന്ന് ബോധ്യമുണ്ടെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു..

