ഡബ്ലിൻ: 11ാമത് ഇന്ത്യ ഡേ ഫെസ്റ്റിവൽ മാറ്റിവച്ചു. ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനം, ഞായറാഴ്ച ഫീനിക്സ് പാർക്കിൽ ആയിരുന്നു ഇന്ത്യ ഡേ ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചിരുന്നത്.
അയർലൻഡ് ഇന്ത്യാ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കൗൺസിൽ ചെയർമാൻ പ്രശാന്ത് ഷുക്കിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ത്യാ ദിനം ആചരിക്കുന്നതിനുള്ള നിലവിലെ സാഹചര്യം അനുകൂലമല്ല. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2015 മുതൽ എല്ലാ വർഷവും അയർലൻഡ് ഇന്ത്യാ കൗൺസിൽ ഇന്ത്യാ ഡേ സംഘടിപ്പിച്ചുവരുന്നു. 10 വർഷക്കാലമായി തുടർച്ചയായി നടന്ന പരിപാടിയ്ക്ക് ആദ്യമായിട്ടാണ് മുടക്കം വരുന്നത്.

