ഡബ്ലിൻ: അയർലൻഡിൽ ജനസംഖ്യ വർദ്ധിച്ചു. 5.46 ദശലക്ഷമായാണ് രാജ്യത്തെ ജനസംഖ്യ ഉയർന്നത് എന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. അതേസമയം അയർലൻഡിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2013 ന് ശേഷമാണ് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചത്. 2025 ഏപ്രിലിന് മുമ്പുള്ള 12 മാസങ്ങളിൽ 13,500 പേർ അയർലൻഡ് വിട്ട് ഓസ്ട്രേലിയയിലേക്ക് പോയി. 2024 നെ അപേക്ഷിച്ച് 2,900 (27%) പേരുടെയും 2023 നെ അപേക്ഷിച്ച് 8,800 (187%) പേരുടെയും വർദ്ധനവാണ് ഉണ്ടായത്.
ഇതിന് വിപരീതമായി അമേരിക്കയിൽ നിന്നും അയർലൻഡിലേക്ക് കുടിയേറുന്നവരുടെ എണ്ണം വർദ്ധിച്ചു. അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറിയതിന് പിന്നാലെയാണ് ഈ പ്രവണത വർദ്ധിച്ചത്.
2025 ഏപ്രിൽ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 12 മാസത്തിൽ 54,400 കുഞ്ഞുങ്ങൾ ജനിച്ചു. 35,800 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ 1,25,300 പേർ അയർലൻഡിലേക്ക് കുടിയേറി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറവാണ്. ഇവരിൽ 31,500 പേർ തിരിച്ചെത്തിയ ഐറിഷ് പൗരന്മാരാണ്. 25,300 പേർ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാരും 4,900 പേർ യുകെ പൗരന്മാരും 63,600 പേർ മറ്റ് രാജ്യങ്ങളിലെ പൗരന്മാരുമാണ്.
രാജ്യത്തെ ജനസംഖ്യയിൽ 83.7 ശതമാനം പേരും ഐറിഷ് പൗരന്മാരാണ് (83.7%), ബാക്കിയുള്ള 16.3% പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

