ഗ്ലോബൽ ടെക്നോളനി കമ്പനിയായ ഐബിഎം, വാട്ടർഫോർഡിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 75 സോഫ്റ്റ്വെയർ എഞ്ചിനീയർമാരെ നിയമിക്കാൻ പദ്ധതിയിടുന്നു.പ്രോസസ്സറുകളും ഫേംവെയറുകളും രൂപകൽപ്പന ചെയ്യുന്നത് മുതൽ സോഫ്റ്റ്വെയർ വികസനം, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം മുന്നോട്ട് കൊണ്ടുപോകുന്നത് വരെ, ലോകമെമ്പാടുമുള്ള ഐബിഎമ്മിന്റെ ഗവേഷണ-വികസന ടീമുകളുമായി വാട്ടർഫോർഡ് സോഫ്റ്റ്വെയർ എഞ്ചിനീയർമാർ സഹകരിച്ച് പ്രവർത്തിക്കേണ്ടി വരും.
ഐബിഎം കഴിഞ്ഞ 70 വർഷമായി അയർലണ്ടിൽ പ്രവർത്തിക്കുന്നു. 2027 ആകുമ്പോഴേക്കും അയർലണ്ടിൽ 800 ഹൈടെക് ജോലികൾ കൂടി ഉണ്ടാകുമെന്ന് ഐബിഎം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഗവേഷണ വികസനം, ഡിജിറ്റൽ വിൽപ്പന, കൺസൾട്ടിംഗ് പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പുതിയ റോളുകൾ ഡബ്ലിൻ, കോർക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും.
“അയർലൻഡിലുള്ള തുടർച്ചയായ ആത്മവിശ്വാസത്തിനും ഭാവി ലക്ഷ്യമിട്ട് തൊഴിൽ ശക്തി കെട്ടിപ്പടുക്കുന്നതിനായി സൗത്ത്-ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായുള്ള സഹകരണത്തിനും ഞാൻ ഐബിഎമ്മിനെ അഭിനന്ദിക്കുന്നു,” എന്റർപ്രൈസ് ടൂറിസം & തൊഴിൽ മന്ത്രി പീറ്റർ ബർക്ക് ടിഡി പറഞ്ഞു.

