ഡബ്ലിൻ: അയർലൻഡിൽ മരിച്ച ഇന്ത്യക്കാരനായ യുവാവിന്റെ മരണം സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത്. ഹൈപ്പോഥെർമിയ ബാധിച്ചാണ് യുവാവ് മരിച്ചത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2024 ഡിസബർ 17 ന് ആയിരുന്നു 29 വയസ്സുള്ള വംശി ഗുട്ടയ്ക്ക് ജീവൻ നഷ്ടമായത്. അതേസമയം അയർലൻഡിൽ നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
17ാം തിയതി ഗുട്ടയെ ഡബ്ലിനിലെ പാർക്ക്ഗേറ്റ് സ്ട്രീറ്റിലെ സൈക്കിൾ ട്രാക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഡബ്ലിനിലെ മേറ്റർ മിസെറികോർഡിയ ആശുപത്രിയിലാണ് യുവാവിനെ എത്തിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ മരണകാരണമോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിരുന്നില്ല. ചൊവ്വാഴ്ച ഡബ്ലിൻ ജില്ലാ കൊറോണർ കോടതിയിൽ വിചാരണ നടന്നിരുന്നു. ഈ വേളയിലാണ് പോലീസ് മരണകാരണം വെളിപ്പെടുത്തിയത്.

