ഡബ്ലിൻ: അയർലന്റിൽ വീടുകളുടെ വില വീണ്ടും ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. ഈ വർഷം മെയ് വരെയുള്ള 12 മാസങ്ങൾക്കിടെ വിലയിൽ 7.9 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഒരു വീടിന്റെ ശരാശരി വില 3,70,000 ആയി ഉയർന്നു. ഏപ്രിൽവരെയുള്ള 12 മാസങ്ങളിൽ ഭവനവില വർദ്ധന എന്നത് 7.6 ശതമാനം ആയിരുന്നു.
ഡബ്ലിനിലാണ് വില വർദ്ധനവ് ഏറ്റവും കൂടുതൽ പ്രകടമായിരിക്കുന്നത്. മെയ് വരെയുള്ള 12 മാസങ്ങളിൽ ഭവന വില നഗരത്തിൽ 6.9 ശതമാനമായി വർദ്ധിച്ചു. ഡബ്ലിനിലെ ഫിൻഗാൻ ആണ് ഭവനവില ഏറ്റവും കൂടിയ പ്രദേശം. 8.7 ശതമാനം ആണ് ഡബ്ലിന് പുറത്തെ വീടുകളുടെ വിലവർദ്ധന. കാവൻ, ഡൊണഗൽ, ലെയ്ട്രിം, മൊനാഗൻ, സ്ലിഗോ എന്നീ കൗണ്ടികളിലാണ് ഞെട്ടിക്കുന്ന തരത്തിൽ ഭവനവില വർദ്ധിച്ചത്. 11.1 ശതമാനം ആയിരുന്നു ഭവനവില വർദ്ധന.

