കിൽഡെയർ: മെയ്നൂത്തിലെ ടെസ്കോ എക്സ്ട്രാ ഷോപ്പിംഗ് സെന്ററിന് മുൻപിലുള്ള കാരവൻ എടുത്തുമാറ്റാൻ ഉത്തരവ്. ഷോപ്പിംഗ് സെന്റർ അധികൃതർ നൽകിയ പരാതിയിൽ ഹൈക്കോടതിയാണ് അനുകൂല നടപടി സ്വീകരിച്ചിരിക്കുന്നത്. ബുധനാഴ്ചയ്ക്കുള്ളിൽ കാരവൻ സ്ഥലത്ത് നിന്നും നീക്കം ചെയ്യണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ഷോപ്പിംഗ് സെന്ററിന്റെ മുൻഭാഗത്തെ പ്രധാന റോഡിലാണ് കാരവൻ നിർത്തിയിട്ടിരിക്കുന്നത്. നിലവിൽ സാന്ദ്ര ഒ ബ്രിയനും ഇവരുടെ മകൾ വാലന്റൈൻ ഒ ബ്രിയനുമാണ് ഇവിടെ താമസം. ഒരു മാസം മുൻപാണ് ഇവർ ഇവിടെ താമസം ആരംഭിച്ചത്. കാരവൻ ഷോപ്പിംഗ് സെന്ററിൽ എത്തുന്നവർക്ക് തടസ്സം സൃഷ്ടിക്കുന്നതായി നിരവധി തവണ ഷോപ്പിംഗ് സെന്റർ അധികൃതർ ഇവരെ അറിയിച്ചിരുന്നു. എന്നാൽ അമ്മയും മകളും ഇവിടെ തന്നെ തുടർന്നു. ഇതോടെ സ്ഥലത്ത് അനധികൃതമായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷോപ്പിംഗ് സെന്റർ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

