ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയെ തുടർന്നുള്ള മുന്നറിയിപ്പ് തുടരുന്നു. ഇന്നലെ രാവിലെ 11 മണി മുതൽ ആരംഭിച്ച യെല്ലോ വാണിംഗ് ഇന്ന് രാവിലെ 9 മണിവരെ തുടരും. കോർക്കിലും കെറിയിലും ആണ് മഴയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം ഡബ്ലിൻ, ലൗത്ത്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിൽ കാറ്റിനെ തുടർന്ന് ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് അവസാനിച്ചു.
ശക്തമായ മഴയെ തുടർന്ന് ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. യാത്രയ്ക്കിടെ മഴ കാഴ്ചയ്ക്ക് തടസ്സം ഉണ്ടാക്കും. അതിനാൽ ജാഗ്രത പാലിക്കണം എന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. അയർലൻഡിലെ ആറ് കൗണ്ടികളിൽ യുകെ മെറ്റ് ഓഫീസും കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരുന്നു. ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നീ കൗണ്ടികളിലായിരുന്നു യെല്ലോ വാണിംഗ്. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിച്ച യെല്ലോ വാണിംഗ് വൈകീട്ട് 7 മണിയ്ക്കാണ് അവസാനിച്ചത്.

