ഡൗൺ: അതിശക്തമായ മഴയിൽ കൗണ്ടി ഡൗണിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് വലിയ ബുദ്ധിമുട്ട് ആയിരുന്നു ന്യൂകാസിലിലെ ടുള്ളിബ്രണ്ണിംഗാൻ റോഡിൽ അനുഭവപ്പെട്ടത്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഇവിടെ താമസിക്കുന്നവർക്ക് കഴിഞ്ഞില്ല.
മോർൺ പർവതനിരകളിൽ നിന്ന് താഴേക്ക് ഒഴുകിയ വെള്ളവും അവശിഷ്ടങ്ങളും വീടുകൾക്കുള്ളിലായിരുന്നു അടിഞ്ഞത്. ഇത് തടയാൻ വലിയ മണൽചാക്കുകൾ പുറത്ത് സ്ഥാപിക്കേണ്ടിവന്നതായി പ്രദേശവാസികൾ പറഞ്ഞു. പലയിടങ്ങളിലും വീടുകൾക്കുള്ളിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുന്ന സാഹചര്യം ഉണ്ടായി. റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായത് പ്രദേശത്തെ ഗതാഗതത്തെ ബാധിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ യെല്ലോ വാണിംഗ് ആയിരുന്നു ഇവിടെ ഏർപ്പെടുത്തിയിരുന്നത്.

