ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അതിശക്തമായ മഴയുടെയും ഇടിമിന്നലിന്റെയും പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് നിലവിൽ വന്നു. ഇന്ന് പുലർച്ചെ മുതലാണ് വിവിധ കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽ വന്നത്. രാത്രി 10 മണിവരെ ജാഗ്രതാ നിർദ്ദേശം തുടരും.
ആറ് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ആൻഡ്രിം, അമാർഗ്, ഡൗൺ എന്നിവിടങ്ങളിലും ഡെറി, ഫെർമനാഗ്, ടൈറോൺ എന്നീ കൗണ്ടികളിലെ ചില മേഖലകളിലുമാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. രാവിലെ മുതൽ മേഖലകളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അതിശക്തമായ മഴ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. 20 മുതൽ 40 മില്ലീ മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത് എന്ന് മെറ്റ് ഐറാൻ അറിയിച്ചു.

