ഡബ്ലിൻ: ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച കപ്പൽ എംവി ഹോണ്ടിയസിൽ നിന്നും ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് എത്തിക്കാൻ സർക്കാർ. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പറഞ്ഞു. രണ്ട് ഐറിഷ് പൗരന്മാരാണ് നിലവിൽ കപ്പലിൽ ഉള്ളത്. ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
പൗരന്മാരെ അയർലൻഡിലേക്ക് എത്തിക്കാൻ ആരോഗ്യപ്രവർത്തകരുമായി ചേർന്ന് നീക്കങ്ങൾ നടത്തിവരികയാണെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. നാട്ടിലേക്ക് എത്തിച്ച ശേഷം ഇവരെ ക്വാറന്റൈനിൽ നിരീക്ഷിക്കും. കൃത്യമായ ആരോഗ്യപ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ക്വാറന്റൈൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കപ്പലിലെ എട്ട് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഡബ്ല്യുഎച്ച്ഒ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം വൈറസ് ബാധിച്ച് മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.

