ഡബ്ലിൻ: ഡബ്ലിനിൽ നിന്നും ബെൽഫാസ്റ്റിലേക്കുള്ള ട്രെയിൻ യാത്ര ഇനി കൂടുതൽ സുഖകരം. വടക്കൻ അയർലൻഡും റിപ്പബ്ലിക്കൻ അയർലൻഡും തമ്മിലുള്ള അതിർത്തികടന്നുള്ള പുതിയ നിക്ഷേപ പദ്ധതിയിൽ റെയിൽ സർവ്വീസിന്റെ നവീകരണവും ഉൾപ്പെടും. 700 മില്യൺ യൂറോയുടെ പദ്ധതികളാണ് ഏറ്റവും പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.
റെയിൽ സർവ്വീസ് മെച്ചപ്പെടുത്തുന്നതിനായി 165 മില്യൺ യൂറോയാണ് വിനിയോഗിക്കുക. വടക്കൻ അയർലൻഡ് എക്സിക്യൂട്ടീവും അയർലൻഡ് സർക്കാരും സംയുക്തമായിട്ടാണ് ധനസഹായം നൽകുന്നത്. യുകെ സർക്കാരും യൂറോപ്യൻ യൂണിയനും പദ്ധതിയിൽ ഉൾപ്പെടുന്നു. 2028 അവസാനത്തോടെ എട്ട് പുതിയ ഇന്റർസിറ്റി സ്റ്റാഡ്ലർ ട്രെയിനുകൾ ആരംഭിക്കുന്നതാണ് പദ്ധതി. പ്രതിദിനം ഒരു ദിശയിലേക്ക് 16 സർവീസുകൾ വരെ ഉണ്ടാകും. യാത്രയ്ക്കായി എടുക്കുന്ന സമയവും കുറയും. ഏകദേശം 400 സീറ്റുകൾ ആയിരിക്കും ട്രെയിനുകളിൽ ഉണ്ടാകുക.

