ഡബ്ലിൻ: അയർലൻഡിൽ മുനിസിപ്പൽ മാലിന്യങ്ങളുടെ റീസൈക്ലിംഗ് വർധിപ്പിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ ഏജൻസി. എങ്കിൽ മാത്രമേ റീസൈക്ലിംഗിൽ 2030 ആകുമ്പോഴേയ്ക്കും രാജ്യത്തിന് ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും ഏജൻസി വ്യക്തമാക്കി. നിലവിൽ പ്രതിവർഷം 3.2 ദശലക്ഷം ടൺ മുനിസിപ്പൽ മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. വീടുകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഗാർഹിക മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇതിൽ 42 ശതമാനം അല്ലെങ്കിൽ 1.35 ദശലക്ഷം ടൺ മാത്രമാണ് റീസ്ലൈക്ലിംഗിലൂടെ പുനരുപയോഗിക്കുന്നത്.
ഇത് 2030 ആകുമ്പോഴേയ്ക്കും 60 ശതമാനം ആക്കി മാറ്റേണ്ടതുണ്ട്. നാല് വർഷത്തിനുള്ളിൽ 5 ലക്ഷം ടൺ മാലിന്യങ്ങൾ റീസൈക്ലിംഗ് ചെയ്യാനാണ് അയർലൻഡ് ലക്ഷ്യമിടുന്നത്. ഇതിനായി റീസൈക്ലിംഗ് തോത് 37 ശതമാനം കൂടി വർധിപ്പിക്കേണ്ടതുണ്ട്.

