ഡബ്ലിൻ: അയർലന്റിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ സർക്കാർ നടപടി ആവശ്യപ്പെട്ട് മലയാളിയുടെ നേതൃത്വത്തിൽ ഓൺലൈൻ നിവേദനം. ഇതിനോടകം തന്നെ നിവേദനത്തിൽ ആയിരക്കണക്കിന് പേരാണ് ഒപ്പുവച്ചിരിക്കുന്നത്. ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഫലപ്രദമായ നടപടികൾക്കായി പ്രവാസി സമൂഹം സർക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്.
മലയാളിയായ ജിൽബി സെബി പാലാട്ടിയാണ് ഇതിന് നേതൃത്വം നൽകുന്നത്. change . org വഴി നടത്തിവരുന്ന ഒപ്പു സമാഹരണത്തിൽ നിവേദനത്തിൽ 1200 പേർ ഒപ്പുവച്ചിട്ടുണ്ട്. ഉടൻ തന്നെ ഈ നിവേദനം സർക്കാർ മുൻപാകെ സമർപ്പിക്കും. പ്രവാസി സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണം, സുരക്ഷിത രാജ്യം എന്ന നിലയിൽ അയർലന്റിന് ഉണ്ടായിരുന്ന ഖ്യാതി വീണ്ടെടുക്കണം എന്നിങ്ങനെയെല്ലാമാണ് നിവേദനത്തിലെ ആവശ്യം.

