ഡബ്ലിൻ: കുപ്രസിദ്ധ കുറ്റവാളി ഡാനിയൻ കിനഹാനെ ഉടൻ അയർലൻഡിലെത്തിച്ചേക്കും. കിനഹാനെ കൊണ്ടുവരുന്നതിനായുള്ള സർക്കാരിന്റെ ജെറ്റ് ഇന്നലെ ദുബായിലേക്ക് തിരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നോ നാളെയോ ആയി കിനഹാനെ രാജ്യത്ത് എത്തിക്കുമെന്നാണ് സൂചന. ഏപ്രിലിലാണ് കിനഹാനെ ദുബായ് പോലീസ് പിടികൂടിയത്. ഇതിന് പിന്നാലെ കിനഹാനെ അയർലൻഡിലേക്കെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പോലീസ് ആരംഭിക്കുകയായിരുന്നു.
40 വയസ്സുള്ള കിനഹാനെതിരെ ഐറിഷ് കോടതികൾ നിരവധി വാറന്റുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിനഹാനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ലഹരി ഇടപാട് സംബന്ധിച്ച് കിനഹാനെതിരെ കുറ്റങ്ങളുണ്ട്. അതേസമയം കിനഹാനെ രാജ്യത്ത് എത്തിക്കുന്നതിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും ഗാർഡ പൂർത്തിയാക്കി. അയർലൻഡിൽ എത്തിയ കിനഹാനെ പ്രത്യേക ജയിൽ മുറിയിൽ ആയിരിക്കും പാർപ്പിക്കുക.

