കണ്ണൂർ ; പയ്യന്നൂരിൽ സിപിഎം പ്രവർത്തകനായിരുന്ന സിവി ധനരാജ് കൊല്ലപ്പെട്ട കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി . 16 പേരെ സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റവിമുക്തരാക്കി. കണ്ണൂർ തളിപ്പറമ്പ് അഡീഷണർ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ആണ് വിധി പറഞ്ഞത് . തെളിവുകളുടെ അഭാവം മൂലം കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി നിരീക്ഷണം .
ഒന്നും രണ്ടും മൂന്നും പ്രതികളായ ടിപി ബിജു, എം വിപിൻ, എം വൈശാഖ് എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തി. എം വിപിനും, വൈശാഖും സഹോദരങ്ങളാണ് . നാലു മുതൽ 20 വരെയുള്ള പ്രതികളെയാണ് വിട്ടയച്ചത്. പന്ത്രണ്ടാം പ്രതിയായിരുന്ന സി ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. വിധി കേൾക്കാൻ ധനരാജിന്റെ ഭാര്യ സജിനി അടക്കം നിരവധി പേരാണ് കണ്ണൂർ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ എത്തിയിരുന്നത്.
സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയും, ഡിവൈ എഫ് ഐ നേതാവുമായിരുന്ന ധനരാജ് 2016 ജൂലൈ 16 ന് രാത്രിയാണ് വെട്ടേറ്റ് മരിച്ചത് . രാമന്തളിയിലെ കുന്നാരു കാരന്താട്ടെ വീടിനുള്ളിൽ വച്ചായിരുന്നു ധനരാജിന് വെട്ടേറ്റത് . വെട്ട് കൊണ്ട് നിലവിളിച്ചോടിയ ധനരാജിനെ അക്രമികൾ പിന്തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അമ്മയുടെയും, ഭാര്യയുടെയും മുന്നിൽ വച്ചായിരുന്നു കൊലപാതകം . ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ സമയത്ത് സിപിഎം പ്രവർത്തകന് നേരെ നടന്ന ആക്രമണം പാർട്ടിയും, സർക്കാരും അതീവ ഗൗരവത്തോടെയാണ് കണ്ടത്.

