ഡബ്ലിൻ: ഗ്യാസ് നെറ്റ്വർക്ക് അയർലൻഡിന്റെ ഉപഭോക്താക്കൾക്ക് ഉയർന്ന ബില്ലുകൾ ലഭിച്ചതിന്റെ കാരണം പുറത്ത്. സാങ്കേതിക തകരാറാണ് ബില്ലിലെ വൻ തുകയ്ക്ക് കാരണം ആയതെന്നാണ് വിശദീകരണം. സാധാരണ തുകയുടെ ഇരട്ടിയിലധികം തുകയായിരുന്നു ഇക്കുറി ഉപഭോക്താക്കൾക്ക് വന്നത്. ഇത് വലിയ പ്രതിഷേധത്തിന് കാരണം ആയിരുന്നു.
ഈ മാസം 9 മുതൽ 12 വരെയുള്ള ഗ്യാസ് ഉപയോഗത്തിനാണ് വൻ തുക ബില്ലായി ഉപഭോക്താക്കൾക്ക് ലഭിച്ചത്. ജിഎൻഐ പ്രസ്താവനയിലൂടെയാണ് സാങ്കേതിക പിഴവുമായി ബന്ധപ്പെട്ട വിവരം പങ്കുവച്ചത്. ചില മീറ്റർ റീഡിംഗുകളിൽ പിഴവ് സംഭവിച്ചതായി കമ്പനി പറഞ്ഞു. ഇതിൽ ഉപഭോക്താക്കളോട് കമ്പനി മാപ്പും പറഞ്ഞിട്ടുണ്ട്. സാങ്കേതിക തകരാറിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

